
ന്യൂഡൽഹി: തിങ്കളാഴ്ച വൈകിട്ട് 6.53ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് ശേഷം സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധരും, ഭീകരവിരുദ്ധ സ്വാഡും നടത്തിയ പരിശോധനയിൽ ബോംബ് സ്ഫോടനത്തിൽ സംഭവിക്കാറുള്ളതു പോലുള്ള വലിയ ഗർത്തങ്ങളോ പെല്ലറ്റുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചെങ്കിലും, കാർ ചലിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാൻ സാധ്യതയില്ലെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. കാറിലുണ്ടായിരുന്നത് പെട്ടെന്ന് തീപിടിക്കുന്ന രാസവസ്തുക്കളായിരിക്കാം എന്നു കരുതുന്നു. ഇത് അമോണിയം നൈട്രേറ്റിൻ്റെയും ആർഡിഎക്സിൻ്റേയും ഒരു മിശ്രിതമായിരിക്കാനുള്ള സാധ്യതയും തള്ളുന്നില്ല. ഇതൊരു ഭീകരാക്രമണമാണെന്ന് ഒരു ഏജൻസിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകളിലേക്കാണ് തെളിവുകൾ വിരൽ ചൂണ്ടുന്നത്.
തിങ്കളാഴ്ച വൈകി ഡൽഹി പോലീസ് ഫയൽ ചെയ്ത എഫ്‌ഐആറിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. സ്ഫോടനത്തിൽ ഉൾപ്പെട്ട ഹരിയാന റജിസ്ട്രേഷൻ ‘HR 26 7674’ i20 കാർ ഉടമയാണെന്ന് കരുതിയ ഗുഡ്ഗാവിൽ നിന്നുള്ള സൽമാൻ എന്ന വ്യക്തിയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് സൂചന ലഭിച്ചു. എന്നാൽ മാർച്ചിൽ ദേവേന്ദ്ര എന്നയാൾക്ക് കാർ വിറ്റതായി അയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് വിൽപ്പനക്കാരുടെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് ആർടിഒയെ ബന്ധപ്പെട്ടു. ദേവേന്ദ്ര ഡൽഹിയിലെ ഓഖ്ല സ്വദേശിയാണ്. ഇയാളും കാർ പിന്നീട് വിറ്റതായും പിന്നീട് പലർക്കും വിറ്റതായും പലരും ഈ കാർ ഉപയോഗിച്ചിരുന്നതായും മനസ്സിലായിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് കാർ വാങ്ങലുകൾ നടന്നത്. കാറുമായി ബന്ധപ്പെട്ട് പുൽവാമ സ്വദേശിയുടെ പേരും ഉയർന്നു വന്നിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ബാഹുല്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സാധാരണ ഭീകരർ ഇത്തരം ഇത്തരം തന്ത്രപരമായ പ്രവർത്തന രീതി ഉപയോഗിക്കാറുണ്ട്.
Pulwama native among owners of car that exploded delhi blast










