അല്ലു അർജുനെ അടക്കം പ്രതിയാക്കി പുഷ്പ 2 തിയേറ്റർ ദുരന്തത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു, മൊത്തം 23 പ്രതികൾ, തിയേറ്റർ ഉടമ ഒന്നാം പ്രതി

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ ‘പുഷ്പ 2: ദി റൂൾ’ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും കുട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ചിക്കടപ്പള്ളി പൊലീസാണ് നമ്പള്ളി കോടതിയിൽ കുറ്റപത്രം നൽകിയത്. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ആകെ 23 പേരെ പ്രതിചേർത്തിരിക്കുന്നത്. തിയേറ്റർ മാനേജ്മെന്റാണ് പ്രധാന പ്രതി. 2024 ഡിസംബർ 4-ന് ഉണ്ടായ ദുരന്തത്തിന്റെ അന്വേഷണം പൂർത്തിയാക്കിയാണ് ഒരു വർഷത്തിന് ശേഷം കുറ്റപത്രം ഫയൽ ചെയ്തത്.

2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ‘പുഷ്പ 2’ പ്രീമിയർ ഷോ നടക്കവേ അല്ലു അർജുൻ എത്തിയതോടെ ആരാധകർ തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഗേറ്റ് തകർന്ന് ജനക്കൂട്ടം അകത്തേക്ക് കയറി. ഇതിൽ തിക്കിലും തിരക്കിലും പെട്ട് 35 വയസ്സുകാരിയായ രേവതി മരിക്കുകയും അവരുടെ ഒമ്പതുവയസ്സുകാരൻ മകൻ ശ്രീതേജിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അല്ലു അർജുന്റെ ആരാധകനായ ശ്രീതേജിന്റെ ആഗ്രഹപ്രകാരമാണ് കുടുംബം സിനിമ കാണാൻ എത്തിയത്. സംഭവത്തിൽ അല്ലു അർജുനെയും സുരക്ഷാ സംഘത്തെയും തിയേറ്റർ മാനേജ്മെന്റിനെയും പ്രതിചേർത്ത് കേസെടുത്തിരുന്നു.

ദുരന്തത്തിൽ ഓക്സിജൻ ലഭ്യത കുറഞ്ഞ് അബോധാവസ്ഥയിലായ ശ്രീതേജ് നാല് മാസത്തിലേറെ വെന്റിലേറ്ററിലായിരുന്നു. 2025 ഏപ്രിലിൽ ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റപത്രത്തിൽ തിയേറ്റർ മാനേജ്മെന്റിന്റെ അലംഭാവവും ജനക്കൂട്ട നിയന്ത്രണത്തിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അല്ലു അർജുൻ തിരക്ക് അറിഞ്ഞിട്ടും തിയേറ്ററിലെത്തിയതും സുരക്ഷാ ക്രമീകരണങ്ങളിലെ കുറവും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കേസ് ഇനി വിചാരണ ഘട്ടത്തിലേക്ക് കടക്കും.

More Stories from this section

family-dental
witywide