റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സാന്താക്ലോസ് വേഷത്തിൽ ലോകനേതാക്കൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്നതായി കാണിക്കുന്ന എഐ (AI) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കെനിയയിലെ റഷ്യൻ എംബസിയാണ് ഈ വീഡിയോ പങ്കുവച്ചത്. ഉത്സവാന്തരീക്ഷത്തിൽ തയ്യാറാക്കിയ ഈ വീഡിയോയിൽ സഖ്യങ്ങളും വൈരാഗ്യങ്ങളും ആഗോള ശക്തിസമവാക്യങ്ങളിലെ മാറ്റങ്ങളും വ്യക്തമാക്കുന്ന രാഷ്ട്രീയ സന്ദേശങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വീഡിയോയിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിലേക്ക് സമ്മാനങ്ങളുമായി നടന്നു വരുന്ന സാന്താക്ലോസ് വേഷത്തിലുള്ള പുടിനെയാണ് കാണുന്നത്. ഓരോ സമ്മാനവും ഓരോ രാജ്യത്തോടുള്ള റഷ്യയുടെ ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്. ആദ്യ സമ്മാനം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനുള്ളതാണ്. ക്രിസ്മസ് ട്രീയിൽ ചൈനീസ് യുവാനും റഷ്യൻ റൂബിളും അടങ്ങിയ അലങ്കാരങ്ങൾ ഒരുമിച്ച് തൂക്കുന്നതായി ദൃശ്യം കാണിക്കുന്നു.

പിന്നാലെ, ഡോളർ ആകൃതിയിലുള്ള അലങ്കാരം ട്രീയിൽ നിന്ന് വീണ് നിലത്ത് തകരുന്നതായും കാണാം. മോസ്കോയും ബെയ്ജിംഗും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാകുന്നതും, അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമവുമാണ് ഈ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യ ഉപരോധങ്ങൾ, കർശന മൂലധന നിയന്ത്രണങ്ങൾ, ഉയർന്ന പലിശനിരക്കുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ അടുത്തകാലത്ത് റഷ്യൻ റൂബിൾ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി മാറിയതായി ‘മോസ്കോ ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി ഇടപാടുകളിൽ പകുതിയിലധികവും ഇപ്പോൾ റൂബിളിലാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ കറൻസികളുടെ ഉപയോഗം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കും ഇടിഞ്ഞിട്ടുണ്ട്. പാശ്ചാത്യ സമ്മർദ്ദങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ ‘ഡീ-ഡോളറൈസേഷൻ’ ആവശ്യമാണ് എന്ന നിലപാട് പുടിൻ അടക്കമുള്ള റഷ്യൻ നേതാക്കൾ ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുടിൻ നൽകുന്ന സമ്മാനം സുഖോയ് Su-57 സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ ‘ചെറുപതിപ്പാണ്. ഇന്ത്യ–റഷ്യ ദീർഘകാല പ്രതിരോധ ബന്ധങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാവിയിലെ യുദ്ധവിമാന ആവശ്യങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ പ്രതീകാത്മക ദൃശ്യം.
എഞ്ചിനുകൾ, റഡാർ സംവിധാനങ്ങൾ, സ്റ്റെൽത്ത് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ Su-57 സംബന്ധിച്ച വിപുലമായ സാങ്കേതിക കൈമാറ്റം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യാൻ റഷ്യ തയ്യാറാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അടുത്തിടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ തന്നെ നിർമ്മാണം നടത്താനുള്ള സാധ്യതയും മുന്നോട്ടുവച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുടിൻ നൽകുന്ന ‘സമ്മാനം’ അലാസ്കയിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ദൃശ്യമാണ്. ഈ വർഷം ആദ്യം നടന്ന ആ ഉയർന്ന പ്രാധാന്യമുള്ള കൂടിക്കാഴ്ചയാണ് ഇതിലൂടെ ഓർമിപ്പിക്കുന്നത്. യുക്രൈൻ വിഷയത്തിൽ വ്യക്തമായ സമാധാന കരാറില്ലാതെയാണ് അലാസ്ക കൂടിക്കാഴ്ച അവസാനിച്ചത്. ചർച്ചകൾ ‘ഫലപ്രദമായിരുന്നു’ എന്ന് ട്രംപ് പിന്നീട് പറഞ്ഞെങ്കിലും, ആ കൂടിക്കാഴ്ചയിൽ നിന്നുള്ള മുന്നേറ്റം പിന്നീട് മങ്ങിയതായി റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗാന് പുടിൻ നൽകുന്ന സമ്മാനം ‘അക്കുയു’ എന്നെഴുതിയ സ്നോ ഗ്ലോബാണ്. റഷ്യയുടെ റോസാറ്റം നിർമിക്കുന്ന തുർക്കിയിലെ ആദ്യ ആണവ വൈദ്യുത നിലയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 2026ൽ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയുള്ള അക്കുയു പദ്ധതിക്ക് റഷ്യ അടുത്തിടെ അധിക ധനസഹായം നൽകിയിരുന്നു.

അതേസമയം, വീഡിയോയിലെ ഏറ്റവും വിവാദമായ ദൃശ്യം യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിക്ക് പുടിൻ കൈവിലങ്ങ് (ഹാൻഡ്‌കഫ്) സമ്മാനമായി നൽകുന്നതും, അദ്ദേഹത്തെ തടവറയ്ക്കുള്ളിൽ കാണിക്കുന്നതുമാണ്. നാലാം വർഷത്തിലേക്ക് അടുക്കുന്ന യുദ്ധത്തെയാണ് ഇത് നേരിട്ട് സൂചിപ്പിക്കുന്നത്.
സെലെൻസ്കിയെ ‘വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയ റഷ്യൻ നീക്കത്തെ നേരത്തെ കിയീവ് പ്രചാരണമെന്നു തള്ളിയിരുന്നു. യുക്രൈനെക്കുറിച്ചുള്ള റഷ്യയുടെ കടുത്ത നിലപാടാണ് ഈ ദൃശ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നതെന്ന് എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് പുടിൻ നൽകുന്നത് “From Russia with gratitude” എന്ന കുറിപ്പോടൊപ്പം ഒരു വാളാണ്. 2019ൽ വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചടങ്ങുകളുടെ ഭാഗമായി ആയുധങ്ങൾ കൈമാറിയ സംഭവത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്.
യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള രാഷ്ട്രീയ-സൈനിക സഹകരണം കൂടുതൽ ശക്തമായിട്ടുണ്ട്. ക്രിസ്മസ് അലങ്കാരങ്ങളാലും ദീപങ്ങളാലും തിളങ്ങുന്ന ഒരു നഗരദൃശ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നു.
Putin as ‘Santa Claus’ Delivers Christmas Gifts to World Leaders; What did Modi and Trump get? Russia’s New AI Video Goes Viral














