ആക്രമണം നടത്തിയവരെയും പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കണം, ഇന്ത്യക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പുടിൻ; ഇന്ത്യ സന്ദർശിക്കാനും തീരുമാനം

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ രംഗത്ത്. ഭീകരാക്രമണത്തിന് കാരണക്കാരായ എല്ലാ കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ റഷ്യ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദർശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്ളാദിമിർ പുടിൻ സ്വീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്. എന്നാകും പുടിന്‍റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തിൽ പിന്നീടാകും തീരുമാനം. ഇന്ത്യ – റഷ്യ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ഇന്നത്തെ ചർച്ചയിൽ ആവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരായ വിജയത്തിന്‍റെ 80 -ാം വാർഷികാഘോഷത്തിൽ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

നേരത്തെ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര റദ്ദാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കും.

More Stories from this section

family-dental
witywide