
മോസ്കോ: യുഎസുമായുള്ള പ്ലൂട്ടോണിയം നിർമാർജന കരാർ റദ്ദാക്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തിങ്കളാഴ്ച ഒപ്പുവെച്ചു. 2000-ൽ ഒപ്പുവെച്ച് 2010-ൽ ഭേദഗതി ചെയ്ത ഈ കരാർ ഇരുരാജ്യങ്ങളും 34 മെട്രിക് ടൺ വീതം പ്ലൂട്ടോണിയം കുറച്ച് ആണവോർജ്ജത്തിനായി ഉപയോഗിക്കാനുള്ള പ്രതിജ്ഞാബദ്ധതയായിരുന്നു. ഏകദേശം 17,000 ആണവായുധങ്ങൾ നിർമിക്കാൻ പര്യാപ്തമായ പ്ലൂട്ടോണിയം ഇല്ലാതാക്കുമെന്നായിരുന്നു യുഎസ് കണക്കുകൂട്ടൽ.
യുക്രൈനിൽ സമാധാന ഉടമ്പടി അംഗീകരിക്കാൻ പുതിൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച പുടിനുമായുള്ള സമാധാന ഉച്ചകോടി പദ്ധതികൾ ട്രംപ് റദ്ദാക്കി. ‘സമയം പാഴാക്കലാകും’ എന്ന് പറഞ്ഞ ട്രംപ്, കരാർ സൂചനകൾ ഇല്ലെങ്കിൽ ഉച്ചകോടി പുനഃക്രമീകരിക്കില്ലെന്നും വ്യക്തമാക്കി.
ഞായറാഴ്ച ആണവഎൻജിനുള്ള ‘ബുറെവെഷ്നിക്’ ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പുതിൻ അറിയിച്ചു. 2016-ൽ ബരാക് ഒബാമയുമായുള്ള ബന്ധം വഷളായപ്പോൾ തന്നെ റഷ്യ കരാറിലെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഒക്ടോബർ ആദ്യം പാർലമെന്റ് അംഗീകരിച്ച നിയമത്തിൽ പുതിൻ ഒപ്പുവെച്ചതോടെ കരാർ ഔദ്യോഗികമായി അവസാനിച്ചു.
2022 ഫെബ്രുവരിയിലെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യ ആണവ ഭീഷണി മുഴക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നു. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിൻ ആണവായുധ വിഭാഗത്തെ അതീവ ജാഗ്രതയിലാക്കി. കഴിഞ്ഞ വർഷം ആണവായുധ ഉപയോഗ പരിധി കുറയ്ക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചിരുന്നു.















