
ന്യൂഡല്‍ഹി : യുക്രെയ്നില്‍ നിന്ന് റഷ്യയ്ക്കു രഹസ്യവിവരങ്ങള്‍ കൈമാറിയ ഡാനിയല്‍ മാര്‍ട്ടിന്‍ഡേലെന്ന യുഎസ് പൗരന് റഷ്യന്‍ പൗരത്വം നല്‍കി. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ നിര്‍ദേശപ്രകാരമാണ് പൗരത്വം നല്‍കിയതെന്ന് റഷ്യന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
‘റഷ്യ എന്റെ ഭവനം മാത്രമല്ല, കുടുംബം കൂടിയാണെന്ന വിശ്വാസം ഹൃദയത്തില്‍ മാത്രമല്ല നിയമപ്രകാരവും ആയതില്‍ അതിയായി സന്തോഷിക്കുന്നു’ റഷ്യന്‍ പാസ്പോര്‍ട്ട് ഉയര്‍ത്തികാട്ടി മാധ്യമങ്ങളോട് ഡാനിയല്‍ മാര്‍ട്ടിന്‍ഡേല്‍ പറഞ്ഞു.
2018ല്‍ റഷ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു ഡാനിയേല്‍. പിന്നീട് 2022 ല്‍ യുക്രെയ്നില്‍ എത്തിയതിനു പിന്നാലെ റഷ്യന്‍ സൈന്യവുമായി ബന്ധം സ്ഥാപിച്ച ഡാനിയല്‍ യുക്രെയ്നിന്റെ സൈനിക വിന്യാസമുള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ കൈമാറുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ ഡാനിയല്‍ താമസിച്ചിരുന്ന ഗ്രാമത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹത്തെ റഷ്യയിലെത്തിക്കുകയായിരുന്നു.