അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ പുടിന്‍ ഇന്ന് ഇന്ത്യയിൽ, മോദിയുമായി നിർണായക ചർച്ച; നാളെ ഇന്ത്യ-റഷ്യ ഉച്ചകോടി

ന്യൂഡൽഹി: അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായും പുടിന്‍ ചര്‍ച്ച നടത്തും.

നാളെ ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വർഷം മോദി റഷ്യ സന്ദർശിച്ചപ്പോൾ നടന്ന വാർഷിക ഉച്ചകോടിയിൽ പുടിൻ സ്വകാര്യ അത്താഴവിരുന്ന് നൽകിയിരുന്നു.

നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡൻ്റിൻ്റെ വരവിൽ വലിയ പ്രതീക്ഷകളാണ് ഇന്ത്യയ്ക്കുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്താനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന ചർച്ചകളും കരാറുകളും ഉണ്ടാകും.

ലോകത്തിലെയും പ്രാദേശിക തലത്തിലെയും പ്രധാന വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ആശയങ്ങൾ പങ്കുവെക്കും. റഷ്യ – യുക്രൈൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്നുമുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി പുടിനെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ്‌ സൂചന. ഉഭയകക്ഷിവ്യാപാരം ശക്തമാക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ചർച്ചയാകും. കൂടുതൽ എസ് 400 മിസൈൽ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടായേക്കും.

ഈ വർഷം ചൈനയിൽ നടന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടന ഉച്ചകോടിയിൽ മോദിയും പുടിനും അവസാനമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. 2024ൽ മാത്രം ഇരു നേതാക്കളും അഞ്ച് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏകദേശം 9.30 ഓടെ പുടിൻ റഷ്യയിലേക്ക് മടങ്ങും.

Putin in India today, India-Russia summit tomorrow.

More Stories from this section

family-dental
witywide