
ഡല്‍ഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അലാസ്ക കൂടിക്കാഴ്ചക്ക് പിന്നാലെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഫോണിൽ വിളിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലാസ്ക കൂടിക്കാഴ്ചയിലെ വിവരങ്ങൾ പുടിൻ താനുമായി ഫോണില്‍ പങ്കുവെച്ചെന്നും മോദി എക്സിൽ കുറിച്ചു. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി വിശദമായി സംസാരിച്ചെന്ന് പുടിൻ വിവരിച്ചു. വെടിനിര്‍ത്തല്‍ കരാറുകളില്ലാതെ അവസാനിച്ച അലാസ്‌കയിലെ ഉന്നതതല ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് പുടിന്‍ മോദിയുമായി ആശയവിനിമയം നടത്തുന്നത്.
ഫോണ്‍ സംഭാഷണത്തിന് ശേഷം, ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
അലാസ്‌കയില്‍ പ്രസിഡന്‍റ് ട്രംപുമായുള്ള സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചതിന് സുഹൃത്ത് പ്രസിഡന്റ് പുടിന് നന്ദി. ഉക്രെയ്ന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നു. വരും ദിവസങ്ങളില്‍ നമ്മുടെ തുടര്‍ ആശയവിനിമയങ്ങള്‍ക്കായി ഞാന്‍ പ്രതീക്ഷിക്കുന്നു.- മോദി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. അലാസ്ക ഉച്ചകോടിക്ക് പത്ത് ദിവസം മുൻപ് മോദിയും പുടിനും വിശദമായി ഫോണില്‍ സംസാരിച്ചിരുന്നു. യുഎസ് താരിഫുകൾ സൃഷ്ടിക്കുന്ന ആഗോള വ്യാപാര അനിശ്ചിതത്വമായിരുന്നു ചർച്ചാ വിഷയം.