
അലാസ്‌ക : യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അലാസ്‌കയില്‍ ഇരു നേതാക്കളും മൂന്നു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, 2022-ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുക്രെയ്‌നില്‍ സംഘര്‍ഷം ആരംഭിക്കുമായിരുന്നില്ലെന്ന് പുടിന്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തിലിരുന്നപ്പോള്‍ നടന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, അതേ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഒഴിവാക്കുമായിരുന്നുവെന്ന് ട്രംപും മുമ്പ് പലവട്ടം ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്.
‘2022-ല്‍, മുന്‍ ഭരണകൂടവുമായുള്ള ഞങ്ങളുടെ അവസാന സമ്പര്‍ക്കത്തിനിടയില്‍, എന്റെ മുന്‍ അമേരിക്കന്‍ സഹപ്രവര്‍ത്തകനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു, ട്രംപാണ് അന്ന് പ്രസിഡന്റെങ്കില്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു” പുടിന്‍ പറഞ്ഞു.
‘പ്രസിഡന്റ് ട്രംപും ഞാനും വളരെ നല്ലതും ബിസിനസ്സ് ഇഷ്ടപ്പെടുന്നതും വിശ്വസനീയവുമായ ഒരു ബന്ധം സ്ഥാപിച്ചു. ഈ പാതയിലൂടെ നീങ്ങുന്നതിലൂടെ, യുക്രെയ്‌നിലെ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ എനിക്ക് എല്ലാ കാരണവുമുണ്ട്. എത്രയും വേഗത്തില്‍ എത്രയും മെച്ചപ്പെട്ട രീതിയില്‍ അതിലേക്ക് നമുക്ക് എത്തിച്ചേരാനാകും”- എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍കാലങ്ങള്‍ യുഎസ്-റഷ്യ ബന്ധങ്ങളില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും, ‘സാഹചര്യം ശരിയാക്കേണ്ടത്’ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സംഭാഷണത്തിന്റെ സൗഹൃദ സ്വരത്തെയും പുടിന്‍ അംഗീകരിച്ചു.
അലാസ്‌ക ഉച്ചകോടിക്ക് ശേഷം രണ്ടാമത്തെ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് സമീപ ദിവസങ്ങളില്‍ ആവര്‍ത്തിച്ച് സംസാരിച്ചിരുന്നു. അത്തരത്തിലൊരു നീക്കം പുടിനും മുന്നോട്ടുവെച്ചു. അലാസ്‌കയ്ക്ക് പിന്നാലെ രണ്ടാമത്തെ കൂടിക്കാഴ്ച മോസ്‌കോയില്‍ നടക്കണമെന്ന് പുടിന്‍ നിര്‍ദ്ദേശിച്ചു. ‘യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളും ഇതെല്ലാം ക്രിയാത്മകമായ രീതിയില്‍ മനസ്സിലാക്കുമെന്നും പ്രകോപനത്തിലൂടെയോ രഹസ്യ ഗൂഢാലോചനയിലൂടെയോ പുതിയ പുരോഗതിയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.












