
ടെഹ്റാന്‍: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ “പ്രകോപനരഹിതവും, ന്യായീകരിക്കാനാവാത്തതും” എന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിമർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ വിമർശനം. ആക്രമണങ്ങളെ പുടിൻ അപലപിച്ചെങ്കിലും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പ്രധാന സഖ്യകക്ഷിക്ക് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചില്ല.
റഷ്യ മധ്യസ്ഥനെന്ന നിലയില്‍ ഇറാന് സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇനി എന്ത് ചെയ്യണമെന്ന് ഇറാന്‍ ആവശ്യപ്പടുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും റഷ്യന്‍ പ്രസ്സ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു എസ് നടത്തിയ ആക്രമണം സംഘര്‍ഷാവസ്ഥ വ്യാപിപ്പിക്കാന്‍ കാരണമാകും. സംഘര്‍ഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനേ ഈ ആക്രമണം വഴിവെക്കൂവെന്നും പെസ്‌കോവ് പറഞ്ഞു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനോട് ഇറാന്‍ ആക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്നും റേഡിയേഷന്‍ അപകടമുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാനെതിരായ ആക്രമണത്തിനുള്ള കാരണമായി ഇസ്രയേൽ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചിയോട് പറഞ്ഞു. ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ ആവര്‍ത്തിച്ചു. ഇറാനെതിരായ യു എസ് ആക്രമണങ്ങളെ അപലപിച്ചതിന് പുടിനോട് ആരാഗ്ചി നന്ദി പറഞ്ഞു.