
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം ഡിസംബറിൽ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിന്റെയും ഡോണൾഡ് ട്രംപിന്റെ ഉപരോധ ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം ശ്രദ്ധേയമാകുന്നത്. മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ക്ഷണം പുടിൻ സ്വീകരിച്ചിരുന്നെങ്കിലും, സന്ദർശന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 2022-ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദിയും പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെ, ഡിസംബറിലെ സന്ദർശന വാർത്തകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അമേരിക്കയുടെ 25 ശതമാനം പിഴച്ചുങ്കവും 25 ശതമാനം പകരച്ചുങ്കവും ഉൾപ്പെടെ 50 ശതമാനം തീരുവ ജനുവരി 27-ന് പ്രാബല്യത്തിൽ വന്നു. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് ശേഷം അമേരിക്കൻ വിപണിയിലെത്തുന്ന ഇന്ത്യൻ ചരക്കുകൾക്ക് ഈ തീരുവ ബാധകമാണ്. ഈ സാഹചര്യത്തിൽ, പുടിന്റെ സന്ദർശനം ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക-നയതന്ത്ര സഹകരണം വർധിപ്പിക്കുന്നതിനും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.