
ന്യൂഡൽഹി: 23ാമത് ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

അതേസമയം, നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലെത്തുന്ന പുടിൻ ഒപ്പം കൂട്ടിയ ഔറസ് സെനാറ്റ് എന്ന വാഹനവും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ പ്രധാനിയാണ് റഷ്യയുടെ ലക്ഷ്വറി ലിമോസിൻ എന്നും “റഷ്യൻ റോൾസ്-റോയ്‌സ്” എന്നും അറിയപ്പെടുന്ന സെനാറ്റ്. ഈ അതിസുരക്ഷ വാഹനത്തിലാകും പുടിൻ്റെ സഞ്ചാരം. സായുധ സംരക്ഷണവും നൂതന സാങ്കേതികവിദ്യയും പ്രീമിയം കംഫർട്ടും സംയോജിപ്പിച്ച് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ കേമനായ വാഹനമാണിത്.

പുടിൻന്റെ മുൻ മെഴ്സിഡീസ്-ബെൻസ് എസ് 600 ഗാർഡ് പുൾമാന്റെ പിൻഗാമിയായാണ് സെനാറ്റ് എത്തിയത്. പൂർണമായി റഷ്യയിൽ നിർമിച്ച സെനാറ്റ് മോസ്കോയുടെ കോർട്ടെഷ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത വാഹനമാണ്. റഷ്യയുടെ നാമി ഇൻസ്റ്റിറ്റ്യൂട്ട്, സോളേഴ്സ് ജെഎസ്സി, യുഎഇയുടെ തവാസുൻ ഹോൾഡിങ് എന്നിവരുമായി സഹകരിച്ച് ഔറസ് മോട്ടോഴ്സാണ് ഇത് നിർമിക്കുന്നത്.
2024-ൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് ഈ വാഹനം പുടിൻ സമ്മാനമായി നൽകിയത് സമ്മാനമായി വാർത്താ പ്രാധാന്യം നേടിയിരുന്നു. 2018-ലെ പുടിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഔറസ് സെനാറ്റ് പുറത്തിറക്കിയത്. 2021മുതൽ ഇത് വ്യാപകമായി ഉത്പാദിപ്പിച്ചു തുടങ്ങി. അന്നു മുതൽ ഈ ലിമോസിൻ പ്രധാന നയതന്ത്രപരമായ പരിപാടികളിൽ പുടിന് സുരക്ഷാ കവചമൊരുക്കുന്നുണ്ട്.

5630 മി.മീ നീളവും 2,000 മി.മീ വീതിയും 1,700 മി.മീ ഉയരവുമുള്ള ഈ വാഹനത്തിന് 3,300 മി.മീ ആണ് വീൽബേസ്. 4.4 ലിറ്റർ, ട്വിൻ-ടർബോ വി8 ഹൈബ്രിഡ് എൻജിനാണ് കരുത്തേകുന്നത്. ഇത് 598 എച്ച്‌പി പരമാവധി ശക്തിയും 880 എൻഎം ടോർക്കും നൽകുന്നു. 9-സ്‌പീഡ് ഗിയർബോക്സുമായി സംയോജിപ്പിച്ചിരിക്കുന്ന ഔറസ് സെനാറ്റിന് വെറും ഒൻപത് സെക്കൻഡിൽ 0-100 കി.മീ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ 160 കി.മീ വേഗതയും ഉണ്ട്. ടയറുകൾ തകരാറിലായാൽപോലും, ഇതിൻ്റെ റൺ-ഫ്ലാറ്റ് സംവിധാനം ഉയർന്ന വേഗതയിൽ തുടർച്ചയായി യാത്ര ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, കാബിനിൽ രാസായുധ ആക്രമണ പ്രതിരോധ സംവിധാനവും ഉണ്ട്. വെള്ളത്തിൽ മുങ്ങിയാൽ, സെനാറ്റിന് ഒരു അന്തർവാഹിനിയെപ്പോലെ പ്രവർത്തിക്കാൻ കഴിയും. ഇത് സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും പ്രവർത്തനക്ഷമമായിരിക്കാനും അനുവദിക്കുന്നു.
ഉയർന്ന സുരക്ഷാ സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. പൂർണമായും ബുള്ളറ്റ് പ്രൂഫായിട്ടാണ് നിർമ്മാണം. മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രീതിയിലാണ് വാഹനത്തിന്റെ സംരക്ഷണം രൂപകൽപന ചെയ്തിരിക്കുന്നത്.

ആക്രമണം ഏതുരീതിയിൽ എത്തിയാലും തടയാൻ ഔറസ് സെനാറ്റ് തടയും എന്നതിൻ്റെ തെളിവാണ് വിഷവാതകങ്ങളെ തടയാൻ സ്വതന്ത്ര എയർ ഫിൽട്ടറേഷൻ്റെ സജ്ജീകരണം. അത്യാഢംബരം നിറഞ്ഞതാണ് ഔറസ് സെനാറ്റിന്റെ ഉൾവശം. റോളിങ് എക്സിക്യൂട്ടീവ് സ്യൂട്ട് , ലെതർ അപ്ഹോൾസ്റ്ററി, തടി പാനലുകൾ, ക്ലൈമറ്റ് കൺട്രോൾ, സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. മസാജ് ഫങ്ഷനുകളുള്ള പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന വെന്റിലേറ്റഡ് പിൻ സീറ്റുകൾ പോലുള്ള സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഒരു റഫ്രിജറേറ്റഡ് കമ്പാർട്ട്മെന്റും ഉണ്ട്. 32 ഇഞ്ച് ഡിസ്പ്ലേ, ഒരു പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ് പാഡുകൾ എന്നിവയും പുടിന് അധിക സൗകര്യമൊരുക്കും. ഔറസ് സെനാറ്റിന്റെ വില ഏകദേശം 18-20 ദശലക്ഷം റൂബിളാണ്. അതായത് 2.1-2.5 കോടി രൂപയായോളം വരും.
Putin’s ‘Aurus Senat, which is designed to repel missile and drone attacks.















