ആര്യാടൻ ഷൗക്കത്ത് എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ഥി ആയെന്നും വി.ഡി.സതീശനെ ആരാണ് കുഴിയില്‍ ചാടിച്ചതെന്നും തുറന്ന് പറയും: പിവി അൻവർ

നിലമ്പൂര്‍: യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥി ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്ന് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. ആര്യാടൻ ഷൗക്കത്ത് എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ഥി ആയി എന്നതു സംബന്ധിച്ചും വി.ഡി.സതീശനെ കുഴിയില്‍ ചാടിച്ചവരെ കുറിച്ചും ആ ഘട്ടത്തില്‍ താന്‍ തുറന്ന് പറയുമെന്നും അന്‍വര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ലക്ഷ്യത്തിന് അതൊന്നു തടസ്സമേയല്ല. അത് മറ്റൊരു വിഷയമാണ്. അതുവേണമെങ്കില്‍ തുറന്നു പറയുമെന്നും അന്‍വര്‍ പറഞ്ഞു.

ഷൗക്കത്ത് എങ്ങനെ സ്ഥാനാര്‍ഥി ആയി എന്നും എന്തുകൊണ്ട് സ്ഥാനാര്‍ഥി ആയി എന്നും അന്‍വറിൻ്റെ പേര് എന്തുകൊണ്ട് സതീശന്‍ പ്രഖ്യാപിച്ചില്ല എന്നും എനിക്കറിയാം. ഞാനിപ്പോള്‍ പറഞ്ഞ് കുളംകലക്കുന്നില്ല. വസ്തുതകള്‍വെച്ച് സംസാരിക്കും കേരളത്തിലെ ജനങ്ങളോട്. കേരളത്തിലെ വലിയൊരു വിഭാഗം ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ പട്ടിണിക്കിടന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്തുകൊണ്ട് ഷൗക്കത്ത് സ്ഥാനാര്‍ഥിയാകാന്‍ പാടില്ലെന്ന് പറഞ്ഞതെന്ന് പറയേണ്ട ഘട്ടത്തില്‍ വിശദീകരിക്കും. സതീശനെ ആരാണ് പറ്റിച്ചതെന്നും എങ്ങനെ പറ്റിച്ചതെന്നും പറയും. പ്രതിപക്ഷ നേതാവ് മാത്രമല്ല ഇതില്‍ കുറ്റക്കാരന്‍. അദ്ദേഹത്തെ ഈ കുഴിയില്‍ ചാടിച്ച ഒന്നുരണ്ട് ആളുകളുണ്ട്. അത് നിലമ്പൂരിലെ ജനങ്ങളോട് പറയും’ അന്‍വര്‍ പറഞ്ഞു.

കെ.സുധാകരന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. കോഴിക്കോട് ഡിസിസി നേതൃത്വം ബന്ധപ്പെടുന്നുണ്ട്. ലീഗ് നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍ സാധിക്കും. പി.വി.അന്‍വര്‍ നഗ്നനായി നടക്കുകയാണ്. അഴിച്ചുവെച്ച മുണ്ടും ഷര്‍ട്ടും ധരിക്കണം. മറ്റു മാന്യതകളൊന്നും പ്രതീക്ഷിക്കുന്നില്ല. കെ.സി.വേണുഗോപാലില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. അദ്ദേഹവുമായി വിഷയത്തില്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അന്‍വറിനെ സഹകരിപ്പിക്കുന്ന സംബന്ധിച്ച് സതീശനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അക്കാര്യം പ്രഖ്യാപിക്കുന്നില്ല. സതീശനുമായി എനിക്ക് രാഷ്ട്രീയ ബന്ധം കുറവാണ്. കൂട്ടത്തില്‍ കൂട്ടാനേ പറ്റാത്ത ചൊറിയും ചൊരങ്ങും പിടിച്ച ഒരുത്തനാണോ ഞാന്‍ എന്ന് കെ.സി.വേണുഗോപാലിനോട് ചോദിക്കും.

More Stories from this section

family-dental
witywide