നിലമ്പൂർ: അൻവർ അങ്കത്തട്ടിലേക്ക്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും.

മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം.

അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കേരളത്തിലെത്തും. ഞായറാഴ്ച പി.വി. അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തൃണമൂല്‍ സംഘം വരുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല.

ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പി.വി. അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കഴിഞ്ഞദിവസം പി.വി. അന്‍വര്‍ പറഞ്ഞിരുന്നത്. മത്സരിക്കാനുള്ള പണം കൈയില്‍ ഇല്ലെന്നും യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അതിനിടെ, ശനിയാഴ്ച രാത്രി പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാല്‍, സന്ദര്‍ശനത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചില്ല.

PV Anvar to contest in Nilambur Byelection

More Stories from this section

family-dental
witywide