നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് തന്നെ! പിവി അൻവറിന് യുഡിഎഫിന്‍റെ പച്ചക്കൊടി, മുന്നണിയിൽ സഹകരിപ്പിക്കും

കോഴിക്കോട്: നിലമ്പൂർ തിരഞ്ഞെടുപ്പിന് മുന്നെ പി വി അൻവർ യു ഡി എഫിലെത്തും. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ മുന്നണി ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ യുഡിഎഫ് നേരത്തെ വിസമ്മതിച്ചിരുന്നു. പകരം പി വി അന്‍വര്‍ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് വരിക, അല്ലെങ്കില്‍ മുന്നണിയിലെ മറ്റേതെങ്കിലും ഘടകകക്ഷിയില്‍ ലയിപ്പിച്ച് യുഡിഎഫിലെത്തുക തുടങ്ങിയ സാധ്യതകളാണ് മുന്നില്‍ വെച്ചിട്ടുള്ളത്.

പി വി അന്‍വറുമായി സിഎംപി ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ച വിജയിച്ചാല്‍ അന്‍വറിന് സിഎംപിയിലൂടെ യുഡിഎഫിലെത്താം. അന്‍വറിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. കോഴിക്കോട് നടന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

More Stories from this section

family-dental
witywide