
വാഷിംങ്ടൺ: ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ഇസ്രയേലിന് ട്രംപിൻ്റെ മുന്നറിയിപ്പ്. ന്യൂജേഴ്സിയിലെ മോറിസ്റ്റൗൺ എയർപോർട്ടിൽ വെച്ച് ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെഞ്ചമിൻ നെതന്യാഹുവിനോട് എന്താണ് പറയാനുള്ളതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇസ്രയേൽ വളരെ വളരെ ശ്രദ്ധിക്കണം. ഹമാസിനെതിരെ അവർക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പക്ഷേ ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഖ്യകക്ഷിയാണ്, പലർക്കും അത് അറിയില്ലെന്ന് തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോർക്കിൽ വെച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയെ ട്രംപ് അത്താഴത്തിന് അതിഥിയായി സ്വീകരിച്ചിരുന്നു.
അത്താഴ വിരുന്നിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടിയായിരുന്നു ട്രംപിന്റെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.