
ദോഹ : ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ഖത്തറിന് നേരത്തെ വിവരങ്ങള്‍ കൈമാറിയിരുന്നു എന്ന യുഎസ് അവകാശവാദം ഖത്തര്‍ തള്ളി. ആക്രമണം ആരംഭിച്ചു 10 മിനിറ്റിനു ശേഷമാണ് അമേരിക്ക വിവരങ്ങള്‍ കൈമാറിയതെന്നും വ്യക്തമാക്കി.
ദോഹയില്‍ ഇസ്രായേല്‍ നടത്താനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് യുഎസ് ഭരണകൂടം ഖത്തര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തൊട്ടുപിന്നാലെ, മുന്‍കൂര്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍ രംഗത്തെത്തുകയും യുഎസ് പ്രസ്താവനയെ ‘അടിസ്ഥാനരഹിതം’ എന്ന് വിളിക്കുകയും ചെയ്തു.
അതിനിടെ, ഖത്തറിനു പിന്തുണ അറിയിച്ചു യൂറോപ്യന്‍ യൂണിയന്‍ അടക്കം ലോകരാജ്യങ്ങള്‍ രംഗത്തെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറില്‍ നേരിട്ടെത്തിയാണ് പിന്തുണ അറിയിച്ചത്. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തുമും ഖത്തറിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ എന്നിവര്‍ ഇന്ന് ഖത്തറിലെത്തും.











