ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്; ഇസ്രയേൽ ആക്രമണത്തിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചു

ദോഹ: ഇസ്രയേൽ ആക്രമണത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യെ സമീപിച്ച്‌ ഖത്തർ. ഇതിനായി നിയമ നടപടികൾ ഖത്തർ ഔദ്യോഗികമായി ആരംഭിച്ചു. ഇസ്രയേലിൻ്റെ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ-നയതന്ത്ര സമ്മർദം ചെലുത്താനും അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ വേഗത്തിലാക്കാനുമാണ് ഖത്തറിന്റെ ശ്രമം.

വിഷയവുമായി ബന്ധപ്പെട്ട് നെതർലാൻഡിലെ ഹേഗിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഖുലൈഫിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റ് ജഡ്ജ് ടോമോകോ അകാനെ, ഐ.സി.സി ഡെപ്യൂട്ടി പ്രോസിക്യൂട്ടർ നജ്ഹത് ഷമീം ഖാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സമിതി ഐ.സി.സിയെ ബോധിപ്പിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇസ്രായേലിന്റെ നിയമവിരുദ്ധമായ സൈനികാക്രമണത്തോട് പ്രതികരിക്കാൻ നിയമപരമായ വഴികൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു തന്റെ സന്ദർശനമെന്ന് ഏക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിരീക്ഷക രാഷ്ട്രമായതിനാൽ നേരിട്ട് കേസുകൾ കോടതിക്ക് കൈമാറാൻ ഖത്തറിന് കഴിയില്ല. ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഖത്തറിലെ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ നഷ്ടമായിരുന്നു.