ഈജിപ്തിൽ നടന്ന വാഹനാപകടത്തിൽ ഖത്തർ നയതന്ത്ര പ്രതിനിധികൾ മരിച്ചു

കെയ്റോ: ഈജിപ്തിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്ര പ്രതിനിധികൾ മരിച്ചു. സൗദ് ബിൻ താമർ അൽ താനി, അബ്ദുല്ല ഗാനേയും അൽ-ഖരയ, ഹസ്സൻ ബാർബർ അൽ-ജാബർ എന്നിവരാണ് മരിച്ചത്. ഷാം എൽ ഷെയ്ഖിൽ വെച്ചാണ് അപകടമുണ്ടായത്. ഈജിപ്‌തിലെ ഖത്തർ എംബസി അപകടവിവരം സ്ഥിരീകരിച്ചു. ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ ഒപ്പിടൽ ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രക്കിടയിലായിരുന്നു അപകടം.

മൂവരും ഖത്തർ അമീറിൻ്റെ ഔദ്യോഗിക ഓഫീസ് ജീവനക്കാരായ നയതന്ത്ര പ്രതിനിധികളാണ് . ഗാസയിലെ ഇസ്രായേൽ നടപടി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വത ഉടമ്പടിക്കായുള്ള ഉന്നതതല സമ്മേളനം നടക്കാനിരിക്കെയായിരുന്നു അപകടം. ഈജിപ്ത‌ിലെ ഖത്തർ എംബസി ‘എക്സ്’ പോസ്റ്റിലൂടെ മരണവിവരം സ്ഥിരീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഷറം അൽ ശൈഖിലേക്ക് പോവുകയായിരുന്ന പ്രോട്ടോക്കോൾ ടീമിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഈജിപ്തിയൻ ആരോഗ്യ-സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള വളവിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് ജീവനക്കാർ ഷറം അൽ ശൈഖിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഇന്ന് വൈകിട്ട് ഖത്തറിലേക്ക് കൊണ്ടുപോകുമെന്ന് എംബസി അറിയിച്ചു. സംഭവത്തിൽ ഈജിപ്ത് പ്രസിഡന്റിന്റെ ഓഫീസും പ്രതികരിച്ചു. ദുരന്തം ദുഃഖകരമാണെന്നും അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി ഈജിപ്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രതികരിച്ചു.

More Stories from this section

family-dental
witywide