
തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ക്യൂആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂർ ജാമ്യം ലഭിച്ചില്ല. മുൻ ജീവനക്കാർ ആയിരുന്ന വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി 69 ലക്ഷം രൂപ മുൻ ജീവനക്കാരായ മൂന്ന് പേർ തട്ടിയെടുത്തു എന്നാണ് കേസ്.
പണം എടുത്തതിന് രേഖകളുണ്ടെന്നും പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽ കള്ളക്കേസ് ആണിതെന്നും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഉണ്ടായതെന്നും ജാമ്യം നല്‍കണമെന്നും മുൻ ജീവനക്കാരും വാദിച്ചു. അതേസമയം, ജീവനക്കാർ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.