വെർജീനിയ: അമേരിക്കയിലെ വെർജീനിയയിലാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താങ്ക്‌സ്‌ഗിവിംഗ് അവധിക്ക് അടച്ചിട്ടിരുന്ന ലിക്കർ ഷോപ്പിൽ മദ്യം കുടിച്ച് ബോധരഹിതനായ റാക്കൂൺ എന്ന മൃഗത്തെ കണ്ടെത്തി. ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ സ്റ്റാഫാണ് റാക്കൂണിനെ കണ്ടെത്തിയത്. ബാത്ത് റൂമിൽ ടോയ്ലറ്റിൻ്റെയും ഡസ്റ്റ് ബിന്നിൻ്റെയും ഇടയിൽ അടിച്ചു ഫിറ്റായി ബോധരഹിതനായി കിടക്കുന്ന നിലയിലാണ് റാക്കൂണിനെ കണ്ടെത്തിയത്.
താഴത്തെ ഷെൽഫിൽ നിന്നുള്ള മദ്യബോട്ടിലുകൾ തുറന്ന് കുടിച്ചിട്ടുണ്ട്. അധികവും വിസ്കിയാണ് അകത്താക്കിയത്..ഹാനോവർ കൗണ്ടി ആനിമൽ പ്രൊട്ടക്ഷൻ ആൻഡ് ഷെൽറ്ററിലെ ഓഫീസർ സാമന്ത മാർട്ടിൻ മൃഗത്തെ പിടികൂടി പരിശോധനയ്ക്കായി കൊണ്ടുപോയി. കുറച്ച് മണിക്കൂറുകൾ വിശ്രമിപ്പിച്ചതിന് ശേഷം പരിക്കുകളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റാക്കൂണിനെ സുരക്ഷിതമായി വനത്തിലേക്ക് വിട്ടു.
ബ്ലാക്ക് ഫ്രൈഡേ ദിനത്തിലായിരുന്നു കടയിൽ റാക്കൂൺ കയറിയതെന്നാണ് റിപ്പോർട്ടുകൾ. മേൽക്കൂരയിലെ ഒരു ടൈൽ പൊളിഞ്ഞ് വീണതോടെ റാക്കൂൺ കടയ്ക്കുള്ളിൽ പ്രവേശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് വിസ്കി വിഭാഗത്തിലെ മദ്യം കുടിച്ച നിലയിലാണ് അത് കണ്ടെത്തിയത്. സംഭവത്തിന്റെ ഒരു മങ്ങിയ CCTV ദൃശ്യം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഹാനോവർ കൗണ്ടി ആനിമൽ പ്രൊട്ടക്ഷൻ ആൻഡ് ഷെൽറ്ററിന്റെ കാര്യക്ഷമമായ ഇടപെടലിന് സ്റ്റോർ അധികൃതർ സോഷ്യൽ മീഡിയയിലൂടെ നന്ദി രേഖപ്പെടുത്തി.
Raccoon loses consciousness after drinking alcohol at liquor store in Virginia; eventually finds himself in the woods













