വാഷിങ്ടൺ: ഇന്ത്യക്കാർക്കെതിരെയും ആഫ്രിക്കൻ വംശജർക്കെതിരെയും വംശീയ പരാമർശം നടത്തിയ ട്രംപിൻ്റെ വിശ്വസ്തൻ്റെ ചാറ്റ് പുറത്ത്. ട്രംപ് ഭരണകൂടത്തിലെ യുഎസ് പ്രസിഡന്റ് ഓഫീസ് ഓഫ് സ്പെഷ്യൽ കൗൺസിലിന്റെ തലവനായി നാമനിർദേശം ചെയ്യപ്പെട്ട പോൾ ഇൻഗ്രാസിയയുടെ ചാറ്റാണ് ചോർന്നിരിക്കുന്നത്. കടുത്ത വംശീയതയും നാസി അനുകൂല മനോഭാവവും വ്യക്തമാകുന്ന ചാറ്റുകളാണ് പുറത്തായത്. വ്യാഴാഴ്ച സെനറ്റിന്റെ വാദം കേൾക്കാനിരിക്കെയാണ് ഇൻഗ്രാസിയയുടെ ചാറ്റ് ചോർന്നത്. ചാറ്റുകൾ പുറത്ത് വന്നതോടെ അമേരിക്കയിൽ വൻവിവാദമായി.
സംഭാഷണത്തിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഓർമക്കായി നൽകുന്ന അവധി അവസാനിപ്പിക്കണമെന്നും നരകത്തിന്റെ ഏഴാമത്തെ വൃത്തത്തിലേക്ക് വലിച്ചെറിയപ്പെടണം എന്നതു പോലുള്ള നിരവധി പരാമർശങ്ങൾ പുറത്തുവന്നിരുന്നു തനിക്ക് നാസി പാരമ്പര്യം ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. 2024 ജനുവരിയിൽ, മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിയെയും ആക്ഷേപിച്ചു. ചൈനക്കാരനെയോ ഇന്ത്യക്കാരനെയോ ഒരിക്കലും വിശ്വസിക്കരുതെന്നായിരുന്നു പരാമർശം. അതേസമയം, ചാറ്റിൽ പങ്കെടുത്ത മറ്റ് ആളുകൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ഗ്രൂപ്പിലെ ഒരാളാണ് ചാറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്.
Racist remarks against Indians; Trump’s confidant’s chat room leaked















