
ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കു നേരെയുള്ള വംശീയ അതിക്രമം തുടര്‍ക്കഥയാകുന്നു. കുട്ടികളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ഒന്‍പത് വയസ്സുള്ള ഇന്ത്യന്‍ വംശജനായ ആണ്‍കുട്ടിക്കു തലയ്ക്ക് ഗുരുതര പരുക്കേല്‍പ്പിച്ച ആക്രമണമാണ് നടന്നത്. കോര്‍ക് കൗണ്ടിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് 15കാരനായ ഐറിഷ് ബാലന്‍ കല്ലെടുത്തെറിഞ്ഞ് ആക്രമിച്ചത്.
ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വംശീയമായ ആക്രമണമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അതേസമയം, കുട്ടിയെ ഉപദ്രവിച്ച 15 കാരനെ ഗാര്‍ഡെ (അയര്‍ലന്‍ഡ് പൊലീസ്) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഈ ബാലന്‍ പ്രദേശത്ത് സ്ഥിരമായി പല പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
സര്‍ക്കാര്‍ വിഷയം ഗൗരവമായെടുക്കണമെന്നും നടപടി സ്വീകരിക്കണെമെന്നും അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ തലവനായ പ്രശാന്ത് ശുക്ല പ്രതികരിച്ചു. ‘നടുക്കുന്ന സംഭവമാണിത്. അയര്‍ലന്‍ഡില്‍ അടുത്തിടെയായി ഇന്ത്യക്കാര്‍ക്കെതിരായി അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇതിനിടെ ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്നും ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.