
കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീം ശിക്ഷാ നടപടികൾ പൂർത്തിയാക്കി മെയ് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നിയമസഹായ സമിതി. സുപ്രിംകോടതിയുടെ വിധി റഹീമിന്‍റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്നും കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും റഹീം നിയമസഹായ സമിതി പറഞ്ഞു.
പ്രോസിക്യൂഷൻ കേസില്‍ സൗദി ജയിലിൽ കഴിയുന്ന പ്രതിയായ അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു. ഹർജി തള്ളിയത്തോടെ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും.
20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം.