
കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി ശ്രമം. ‘മറ്റൊരു കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാരോപണം’ എന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിൽ പ്രചാരണം ആരംഭിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം, ‘രാഹുൽ ആൻഡ് രാഹുൽ’ എന്ന തലക്കെട്ടോടെ പങ്കുവച്ചാണ് ബിജെപി വിവാദത്തിന് ദേശീയ ശ്രദ്ധ നേടാൻ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും എക്സ് പോസ്റ്റിൽ പരാമർശിക്കുന്നു.
വിവാദം കോൺഗ്രസ് പാർട്ടിക്ക് കേരളത്തിലും ദേശീയ തലത്തിലും വെല്ലുവിളിയാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള അവസരമായി ബിജെപി ഉപയോഗിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം ലൈംഗികാരോപണങ്ങളെ തുടർന്ന് എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതോടെ പ്രതിരോധത്തിന്‍റെ പതിനെട്ടാം അടവും പയറ്റാനുള്ള ശ്രമച്ചിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്ക് പറയാനുള്ളത് കേൾക്കണമെന്നും തന്നെ കുടുക്കാൻ നോക്കുകയാണെന്നുമുള്ള വാദമാണ് രാഹുൽ മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് തന്നെ രാജിയുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് രാജിയെ പ്രതിരോധിക്കാൻ രാഹുൽ ഈ നീക്കം നടത്തിയത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കാമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ച സാഹചര്യത്തിൽ അത് കൂടി കേട്ട ശേഷം മതി നടപടിയെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം..
രാഹുലിനെ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയതോടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ലെന്നാണ് വ്യക്തമാകുന്നത്. എന്തായാലും നടപടി അധികം വൈകില്ലെന്നാണ് നേതൃത്വം പറയുന്നത്. രാഹുൽ വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.