
കല്‍പ്പറ്റ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇരുവരും എത്തിയിരിക്കുന്നത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടിലെത്തുന്നതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
രാവിലെ 10ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് വയനാട്ടിലെത്തിയത്. മണ്ഡല പര്യടനത്തിന് ഒരാഴ്ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, പടിഞ്ഞാറത്തറയില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ഇരുവരെയും സ്വീകരിക്കാന്‍ എത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കോണ്‍ഗ്രസ് നേതാക്കളും ഇരുവരേയും സ്വീകരിക്കാനെത്തിയിരുന്നു. കെ സി വേണുഗോപാല്‍ എംപിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 12 മുതല്‍ പ്രിയങ്ക പത്ത് ദിവസത്തെ വയനാട് പര്യടനത്തിലാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍, നിരവധി മതനേതാക്കളെയും ചെറുവയല്‍ രാമന്‍, എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയ സാംസ്‌കാരിക നേതാക്കളെയും അവര്‍ കണ്ടു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടവരെയും അവര്‍ സന്ദര്‍ശിച്ചു.