‘പുരുഷന്മാരുടെ അവകാശത്തിന്’ വേണ്ടി ജയിലിൽ നിരാഹാരം, ആരോഗ്യനില മോശമായ രാഹുൽ ഈശ്വർ ആശുപത്രിയിൽ; ജാമ്യാപേക്ഷയിൽ വാദം നാളെയും

തിരുവനന്തപുരം: സൈബർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ രാഹുൽ ഈശ്വറിന്‍റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പരിശോധനയ്ക്കെത്തിച്ച് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഡ്മിഷൻ തീരുമാനിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ജയിലിലെത്തിയ ശേഷം നിരാഹാര സമരം ആരംഭിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പൂജപ്പുര ജയിലിലേക്ക് മാറ്റിയതായിരുന്നു അദ്ദേഹത്തെ. നിരാഹാരം തുടങ്ങിയതോടെ സുരക്ഷാ കാരണങ്ങളാൽ പിന്നീട് സെൻട്രൽ ജയിലിലേക്ക് മാറ്റി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.

രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗം വാദവും പൂർത്തിയാക്കാത്തതിനാൽ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി വിചാരണ നാളത്തേക്ക് മാറ്റി. വീഡിയോയിൽ എഫ്ഐആർ വായിച്ചു കേൾപ്പിച്ചത് മാത്രമാണ് ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും അതിലില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസ് നാളെ തുടർന്ന് വാദം കേൾക്കും.

More Stories from this section

family-dental
witywide