
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മറ്റൊരു ഹൈഡ്രജന്‍ ബോംബ് കൂടി ഉടന്‍ ഉണ്ടാകുമെന്നും കര്‍ണാടക സിഐഡിക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി വോട്ട് ചോരി നടത്തിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കൃത്യമായ തെളിവുകളാണ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. കള്ള വോട്ട് നടത്താന്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്. അടുത്ത ഹൈഡ്രജന്‍ ബോംബിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
വോട്ടുചോര്‍ച്ച ആരോപണങ്ങളുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞപ്പോള്‍ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് രാഹുല്‍. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ‘ഹൈഡ്രജന്‍ ബോംബ്’ അല്ല പുറത്തുവിടുന്നതെന്ന് വ്യക്തമാക്കിയതോടെ എന്തായിരിക്കും ആ ‘ഹൈഡ്രജന്‍ ബോംബെ’ന്ന ആകാംക്ഷയിലാണ് ഏവരും. വ്യക്തികളെ ഹാജരാക്കിയും ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ടുമാണ് രാഹുലിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍. ഉന്നത ഭരണകേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതായിരിക്കും ഈ ‘ഹൈഡ്രജന്‍ ബോംബ്’ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോർട്ടുകൾ. ഉന്നത ഭരണകേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന റെക്കോഡ് ചെയ്ത ശബ്ദശകലങ്ങളുള്‍പ്പെടെ പുറത്തുവിടാനാണ് രാഹുല്‍ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ.