തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി; 40 ലക്ഷം ദുരൂഹ വോട്ടർമാർ, ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി. ബിജെപിയുമായി ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വോട്ടുമോഷണം നടന്നു. ഭരണഘടനയുടെ അടിസ്ഥാനം വോട്ടാണെന്നും അത് തകർക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ​വാർത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം.

മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. മഹാരാഷ്ട്രയിൽ അസാധാരണ പോളിങ് നടന്നു. 5 മണി കഴിഞ്ഞ് വോട്ടിങ് ശതമാനം കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹ വോട്ടർമാർ എത്തിയെന്നും വീട്ടുനമ്പർ 0 എന്ന വിലാസത്തിലും ഒട്ടേറെ പേർ വന്നുവെന്നും രാഹുൽ ആരോപിച്ചു.

ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. കർണാടകയിലെ ഒരു മണ്ഡലത്തിൽ മാത്രം വൻ അട്ടിമറി നടന്നു. അഞ്ച് മാർഗങ്ങളിലൂടെയാണ് രാജ്യത്ത് വോട്ടുമോഷണം നടന്നത്. വോട്ടർ പട്ടികയിൽ വ്യാജവിലാസങ്ങളുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു എന്നും രാഹുൽ പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകൾ പലമാർഗങ്ങളിലൂടെ മോഷ്‌ടിച്ചു.

25 സീറ്റുകളിൽ ബിജെപി ജയിച്ചത് 33000-ൽ താഴെ വോട്ടുകൾക്ക്. അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെയാണെന്നും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ നയം മാറ്റിയെന്നും തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയുടെ അടിസ്ഥാനം തന്നെ വോട്ടാണ് അത് തകർക്കപ്പെട്ടു. ഭരണഘടന നൽകുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന അവകാശം. എന്നാൽ ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എക്സിറ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഹരിയാനയിലെയും കർണാടകയിലെയും തിരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 വർഷത്തിനിടയിൽ കൂടുതൽ വോട്ടർമാരെ ഉൾപ്പെടുത്തി. തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പു അട്ടിമറിച്ചുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

കോൺഗ്രസ് ചോദിച്ചിട്ടും ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചു. സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

More Stories from this section

family-dental
witywide