
ന്യൂഡല്‍ഹി: ലഡാക്കിന് ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തൂവെന്നും ശബ്ദം നല്‍കൂവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ അത്ഭുതകരമായ മനുഷ്യര്‍, സംസ്‌കാരം, പാരമ്പര്യം എന്നിവ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണത്തിലാണ്. ലഡാക്ക് സ്വന്തം ശബ്ദത്തിന് വേണ്ടിയാണ് പോരാടുന്നത്. ബിജെപി നാല് പേരെ കൊലപ്പെടുത്തിയും സോനം വാങ്ചുകിനെ ജയിലിലടച്ചുമാണ് പ്രതികരിച്ചതെന്ന് രാഹുൽ ഗാന്ധി ലഡാക്ക് പ്രതിഷേധത്തില്‍ ബിജെപിക്കെതിരെ എക്‌സില്‍ കുറിച്ചു.
അതേസമയം, ലഡാക്കിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിപിഐഎം പൊളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ രാജ്യത്തെ നേപ്പാളാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിരുന്നു.