
ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ‘അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍’ നടത്തിയെന്ന കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് കോടതി ജാമ്യം അനുവദിച്ചു. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയില്‍ നടന്ന റാലിയില്‍ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.
ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായതെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പ്രണവ് ദരിപ ചൂണ്ടിക്കാട്ടി. ‘അദ്ദേഹം ജാമ്യം ആവശ്യപ്പെട്ടിരുന്നു. സോപാധിക ജാമ്യം അനുവദിച്ചു. ഇനി ഞങ്ങള്‍ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകും,’ ദരിപ വ്യക്തമാക്കി.