രാഹുൽ ഗാന്ധി “ഇന്ത്യാ വിരുദ്ധ നേതാവ്, കുട്ടിയെപ്പോലെ പെരുമാറുന്നുവെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ; ജർമ്മനി സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിൽ ബിജെപിക്ക് അമർഷം

ന്യൂഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി എംപിമാരും നേതാക്കളും രംഗത്ത്. രാഹുലിൻ്റെ വിദേശ സന്ദർശനവേളയിലെ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി അമർഷം പ്രകടിപ്പിക്കുന്നത്. ജർമ്മനി സന്ദർശനത്തിനിടെ അദ്ദേഹം നടത്തിയ പരാമർശങ്ങളെ കേന്ദ്രീകരിച്ചാണ് രൂക്ഷ പ്രതികരണങ്ങൾ വരുന്നത്.

കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശോഭ കരന്ദ്‌ലാജെ രാഹുൽ ഗാന്ധിയെ “ഇന്ത്യാ വിരുദ്ധ നേതാവ്” എന്നാണ് വിളിച്ചത്. രാഹുൽ വിദേശത്തുപോയി രാജ്യത്തിനെതിരെ സംസാരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിനെപ്പോലെയല്ല, ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും അവർ ആരോപിച്ചു. ജർമ്മനിയിലെ ഹെർട്ടി സ്കൂളിൽ (Hertie School) നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും രാഹുൽ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രി പ്രതികരിച്ചത്.

രാഹുൽ ഗാന്ധി ജർമ്മനിയിൽ ഇന്ത്യാ വിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയും ആരോപിച്ചു. രാഹുൽ ഗാന്ധിയെ “മീർ ജാഫർ” (ഒറ്റുകാരൻ, വിശ്വാസവഞ്ചകൻ ) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെ കടന്നാക്രമിച്ചു. രാഹുൽ ഗാന്ധി ഇന്ത്യയെ സ്നേഹിക്കുന്നില്ലെന്നും രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബെർലിനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞിരുന്നു. തുല്യത എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് എതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെയും ഏജൻസികളെയും കേന്ദ്രസർക്കാർ ആയുധമാക്കുകയാണെന്നും ഇന്ത്യയിലെ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് മേൽ സർക്കാർ കടന്നുകയറ്റം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു.

2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും ഹരിയാനയിൽ കോൺഗ്രസാണ് യഥാർത്ഥത്തിൽ വിജയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മോദിയുടെ നയങ്ങൾ രാജ്യത്ത് ഭിന്നിപ്പും സംഘർഷങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

Rahul Gandhi is an “anti-India leader” and is behaving like a child, says Union Minister Shobha Karandlaje

More Stories from this section

family-dental
witywide