കയ്യൊഴിഞ്ഞ് നേതാക്കള്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും നാണംകെട്ട് പടിയിറങ്ങി രാഹുല്‍ ; എല്ലാ ആരോപണങ്ങളും നിഷേധിച്ചു

കൊച്ചി : ലൈംഗിക ആരോപണം ഉയർന്നതോടെ ഗത്യന്തരമില്ലാതെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെ മുഖം രക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് രാഹുലിന്റെ രാജി എന്ന് വിലയിരുത്തലുകളുണ്ട്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ രാഹുലിനെ തള്ളിയാണ് പ്രതികരിച്ചത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്.

തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് യുവ നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും റിനി ഉദ്ദേശിച്ചത് രാഹുലിനെ ആണെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. പിന്നാലെ നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ വന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന സംഭാഷണം പുറത്ത് വന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കണമെന്നും വളര്‍ത്താന്‍ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തിലോ മറ്റാരോപണങ്ങളിലോ എംഎല്‍എയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെയെല്ലാം തള്ളിയാണ് രാഹുൽ രാജി പ്രഖ്യാപിച്ചത്. ആരോപണം ഉന്നയിച്ച ആരും തൻറെ പേര് പറഞ്ഞിട്ടില്ലെങ്കിലും പരാതിയുള്ളവർ നിയമപരമായി പോകട്ടെയെന്നും താനും നിയമപരമായി നേരിടുമെന്നും രാഹുൽ പ്രതികരിച്ചു.

Also Read

More Stories from this section

family-dental
witywide