
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടാണ് മോദി സംഘര്‍ഷം അവസാനിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുമ്പോള്‍, അതേ കോണ്‍ഗ്രസിന്റെ നേതാവ് ശശി തരൂര്‍ മോദിയെ പ്രതിരോധിച്ച് നിലപാടെടുത്തു.
മോദി ട്രംപിന് വഴങ്ങിയെന്ന് രാഹുല്‍ ആവര്‍ത്തുമ്പോള്‍ ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ ട്രംപിന്റെ ഇടപെടലുണ്ടായിട്ടില്ലെന്നാണ് തരൂര്‍ എതിര്‍ക്കുന്നത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘സംഗതന്‍ ശ്രിജന്‍ അഭിയാന്‍’ കാമ്പയിനില്‍ ട്രംപിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതെന്ന് അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. 1971-ല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരിക്കലും പിന്മാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയിരുന്നു രാഹുല്‍.
‘ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എനിക്ക് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പം സമ്മര്‍ദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താല്‍ അവര്‍ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്ത്, ‘മോദി ജി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക’ എന്ന് പറഞ്ഞു. ‘ശരി, സര്‍’ എന്ന് പറഞ്ഞ് നരേന്ദ്ര മോദി ട്രംപിന്റെ സിഗ്‌നല്‍ അനുസരിച്ചു’ -രാഹുല്‍ ഗാന്ധി പരിഹസിച്ചു.
എന്നാല്‍, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് പ്രധാന പങ്കാളികളെ അറിയിക്കാനുള്ള ഏഴ് സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ ഒന്നിനെ നയിക്കുന്ന തരൂര്‍ പ്രധാനമന്ത്രി മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ‘നരേന്ദര്‍ സറണ്ടര്‍’ പരിഹാസത്തെ പരോക്ഷമായി എതിര്‍ത്തു. ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ടു തട്ടിലാകുന്നതാണ് നിലവിലെ സ്ഥിതി. മോദിയെ കടന്നാക്രമിക്കാന്‍ രാഹുലാകട്ടെ ട്രംപിന്റെ വാക്കുകള്‍ ആയുധമാക്കുമ്പോള്‍ തരൂര്‍ ഈ ആരോപണങ്ങളെ പാടേ നിഷേധിക്കുകയാണ്.












