‘അവളെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഇല്ലാതാക്കി’, കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഒഡീഷ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഒഡീഷയിലെ ബലാസോറില്‍ അധ്യാപകന്റെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് തീകൊളുത്തി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഒഡീഷയിലെ ഭരണകക്ഷിയായ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് ‘ബിജെപി വ്യവസ്ഥയുടെ സംഘടിത കൊലപാതകം’ എന്നാണ് രാഹുല്‍ ആരോപിച്ചത്. അവളെ സംരക്ഷിക്കേണ്ടവര്‍ അവളെ ഇല്ലാതാക്കിയെന്നും എന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘ഒഡീഷയില്‍ നീതിക്കുവേണ്ടി പോരാടിയ ഒരു മകളുടെ മരണം ബിജെപി സംവിധാനത്തിന്റെ കൊലപാതകമാണ്. ലൈംഗിക പീഡനത്തിനെതിരെ ആ ധീരയായ വിദ്യാര്‍ത്ഥിനി ശബ്ദമുയര്‍ത്തി; എന്നാല്‍ നീതി ലഭ്യമാക്കുന്നതിനുപകരം, അവളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തു,’ രാഹുല്‍ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു. ‘അവളെ സംരക്ഷിക്കേണ്ടവര്‍ അവളെ തകര്‍ക്കുന്നത് തുടര്‍ന്നു. എല്ലായ്പ്പോഴും എന്നപോലെ, ബിജെപിയുടെ സംവിധാനം പ്രതികളെ സംരക്ഷിക്കുന്നത് തുടരുകയും നിരപരാധിയായ ഒരു മകളെ സ്വയം തീകൊളുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു,’ അദ്ദേഹം ആരോപിച്ചു.

ബലാസോറിലെ കോളേജിലെ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോളേജിന് മുന്നില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി തീ കൊളുത്തിയത്. അര്‍ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, ദാരുണമായ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പ്രതികരിച്ചത്.

More Stories from this section

family-dental
witywide