
ഡൽഹി: ഇന്ത്യയ്ക്ക് മേൽ 50 % അധിക തീരുവ നടപ്പാക്കാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിന്റേത് സാമ്പത്തിക ബ്ലാക്ക് മെയിലാണെന്നാണ് രാഹുൽ അഭിപ്രയപ്പെട്ടത്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രിയുടെ ബലഹീനത കൊണ്ട്, രാജ്യ താല്പര്യങ്ങളെ ബലികഴിക്കരുതെന്നും രാഹുൽഗാന്ധി എക്‌സിൽ കുറിച്ചു.
‘ഇന്ത്യയെ ന്യായരഹിതമായ വ്യാപാരക്കരാറിലേക്ക് ഭീഷണിപ്പെടുത്തി ഒതുക്കാനുള്ള നീക്കമാണിത്. തന്റെ ദൗര്‍ബല്യത്തെ, ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളെ മറികടക്കാന്‍ പ്രധാനമന്ത്രി മോദി അനുവദിക്കരുത്’ – രാഹുല്‍ കുറിച്ചതിങ്ങനെയാണ്.