
പട്ന: ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികളോടൊപ്പം കുളത്തിലിറങ്ങി മീൻപിടുത്തം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായിലെ ഒരു കുളത്തിൽ വിഐപി നേതാവ് മുകേഷ് സാഹ്നിക്കൊപ്പം വഞ്ചിയിലെത്തിയ രാഹുൽ, വലയെറിഞ്ഞശേഷം വെള്ളത്തിലേക്ക് ചാടി. വെളുത്ത ടീഷർട്ടും കാർഗോ പാന്റും ധരിച്ച രാഹുൽ സാഹ്നിയോടൊപ്പം മീൻപിടിക്കുന്ന വീഡിയോ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിൽ വൈറലായി.
സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികൾ ‘രാഹുൽ ഗാന്ധി സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചു. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയാണ് രാഹുലിനെ കുളത്തിലേക്ക് ആനയിച്ചത്. വഞ്ചിയിൽ കുളത്തിന്റെ നടുവിലെത്തിയശേഷം ഇരുവരും ചേർന്ന് വലയെറിഞ്ഞു.
https://www.facebook.com/share/r/17ZVxKRtVd
മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ ചർച്ചചെയ്തശേഷമാണ് രാഹുൽ മടങ്ങിയത്. പ്രചാരണയോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളോട് ഇടപഴകുന്ന രാഹുലിന്റെ ശൈലി സോഷ്യൽ മീഡിയയിൽ ചർച്ചയായി. ബിഹാർ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം ശക്തമാക്കുന്നതിനിടെയുള്ള ഈ സംഭവം ശ്രദ്ധേയമായി.















