ഒറ്റുകാർക്ക് മുന്നറിയിപ്പ്, ‘ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളെ കരുതിയിരിക്കാൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം; പരിഹസിച്ച് ബിജെപി

അഹ്മദാബാദ്: ഗുജറാത്തിലെ ഒറ്റുകാരായ കോൺഗ്രസ് നേതാക്കൾക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി. അഹ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം രാഹുൽ നടത്തിയത്. പലരും ബി ജെ പിയുമായി ചർച്ചയിലാണെന്നും ചിലർ ആ പാളയത്തിൽ എത്തിക്കഴിഞ്ഞെന്നും രാഹുൽ വിമർശിച്ചു. ബി ജെ പിക്ക് വേണ്ടി പണിയെടുക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്തണമെന്ന് പ്രവർത്തകരോട് രാഹുല്‍ ഗാന്ധി ആഹ്വാനവും നടത്തി. ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ടെത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്.

കോണ്‍ഗ്രസ്സില്‍ രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്ക് വേണ്ടി പോരാടുന്നവരും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം പിന്തുടുന്നവരുമാണ് ഒന്നാമത്തേത്. എന്നാല്‍ മറ്റൊരു വിഭാഗം ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണെന്നും അവര്‍ ജനങ്ങളെ ബഹുമാനിക്കുന്നില്ലെന്നും അവരില്‍ പകുതിയും ബി ജെ പിക്കൊപ്പമാണെന്നും രാഹുല്‍ വ്യക്തമാക്കി.കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നത് വരെ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യില്ല. ഗുജറാത്ത് പുതിയ കാഴ്ചപ്പാടുള്ള നേതൃത്വത്തെയാണ് ഉറ്റുനോക്കുന്നത്. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റന്ന അന്ന് കോണ്‍ഗ്രസ്സിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം രാഹുലിന്‍റെ പ്രസംഗത്തെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. മറ്റുള്ളവരെ കുറ്റം പറഞ്ഞു നടന്ന രാഹുൽ ഗാന്ധി ഒടുവിൽ സ്വന്തം പാർട്ടിക്കാർക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്നാണ് പരിഹാസം. നേതാക്കൾ പാർട്ടി വിടുന്നതിൽ രാഹുൽ ഗാന്ധിയാണ് ആത്മപരിശോധന നടത്തേണ്ടതെന്നും ബി ജെ പി വക്താവ് സുധാംശു ത്രിവേദി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide