
സസാറാം (ബിഹാർ): കഴിഞ്ഞ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ‘വോട്ടു കൊള്ള’ ആരോപണമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന 1300 കിലോമീറ്റർ ‘വോട്ടർ അധികാർ’ യാത്രയ്ക്ക് ബിഹാറിലെ സസാറാമിൽ ഇന്ന് തുടക്കമായി. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താൻ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റൽ തെളിവുകളോ കമ്മിഷൻ നൽകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് തുറന്നുകാട്ടി. ബിഹാറിൽ മാത്രമല്ല, അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
രണ്ടാഴ്ചയോളം രാഹുൽ ബിഹാറിലുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊർജം പകരാൻ യാത്രയിലൂടെ കഴിയുമെന്നും കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. ഞായറാഴ്ച ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പംചേരും. സഖ്യത്തിലെ സംസ്ഥാനത്തെ ഘടകകക്ഷികളുടെ നേതാക്കളും എത്തും. യാത്രയ്ക്കുമുന്നോടിയായി ആർജെഡി പ്രചാരണഗാന വീഡിയോ പുറത്തുവിട്ടു. സെപ്റ്റംബർ ഒന്നിന് പട്‌ന ഗാന്ധി മൈതാനിയിൽ ‘ഇന്ത്യസഖ്യ’ നേതാക്കൾ പങ്കെടുക്കുന്ന ബഹുജനറാലിയോടെ സമാപിക്കും.