
രാജ്യത്തെ വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ ബിഹാറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം പതിനാലാം ദിനമായ ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 17ന് സസറാമിൽ നിന്ന് ആരംഭിച്ച യാത്രക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം യാത്രയിൽ അണിനിരന്നിരുന്നു. ഇന്ന് ബിഹാറിലെ സരൺ ജില്ലയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.
വോട്ട് കൊള്ളക്കെതിരെ സെപ്റ്റംബർ ഒന്നിന് പട്നയിൽ സംഘടിപ്പിക്കുന്ന മഹാറാലിയിലും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ പങ്കെടുക്കും. അതേസമയം, വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ നടത്തിയ മോശം പരാമർശത്തിൽ രാഹുൽഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.