
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ താലിബാന്‍ പത്രസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ വ്യാപക പ്രതിഷേധം. മോദി സര്‍ക്കാരിന് സ്ത്രീകള്‍ക്കുവേണ്ടി നിലകൊള്ളാനാകുന്നില്ലെന്നും ദുര്‍ബലരാണെന്നും പ്രകതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഇത്തരമൊരു പരിപാടി അനുവദിച്ചതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരായ ലജ്ജാകരമായ അപമാനമാണിതെന്നാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.
സംഭവത്തില്‍ രാഹുല്‍ഗാന്ധി നിരാശ പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ‘മിസ്റ്റര്‍ മോദി, ഒരു പൊതുവേദിയില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ നിങ്ങള്‍ അനുവദിക്കുമ്പോള്‍, ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും നിങ്ങള്‍ക്ക് അവര്‍ക്കുവേണ്ടി നിലകൊള്ളാനാകാതെ വളരെ ദുര്‍ബലരാണെന്ന് പറയുകയാണ്’ – രാഹുല്‍ എക്സില്‍ എഴുതി. ‘നമ്മുടെ രാജ്യത്ത്, സ്ത്രീകള്‍ക്ക് എല്ലാ ഇടങ്ങളിലും തുല്യ പങ്കാളിത്തത്തിന് അവകാശമുണ്ട്. അത്തരം വിവേചനത്തിനെതിരെ നിങ്ങള്‍ മൗനം പാലിക്കുന്നത് നാരിശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാംഗം പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തില്‍ പ്രതികരണം നടത്തി. സംഭവത്തില്‍ പ്രധാനമന്ത്രിയോട് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, ഇന്ത്യാ സന്ദര്‍ശന വേളയില്‍ താലിബാന്‍ പ്രതിനിധി നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ’- അവര്‍ എക്സില്‍ കുറിച്ചു. സ്ത്രീകള്‍ ഈ രാജ്യത്തിന്റെ നട്ടെല്ലും അഭിമാനവുമാണെന്നും സ്ത്രീകളെ അപമാനിക്കാന്‍ നമ്മുടെ രാജ്യത്ത് എങ്ങനെയാണ് അനുവദിച്ചതെന്നും പ്രിയങ്ക ചോദിക്കുന്നു.
സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരവും രംഗത്തെത്തി. ‘അഫ്ഗാനിസ്ഥാനിലെ അമീര്‍ ഖാന്‍ മുത്തഖി നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയതായി (അല്ലെങ്കില്‍ ക്ഷണിച്ചിരുന്നില്ല) കണ്ടെത്തിയപ്പോള്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവേണ്ടതായിരുന്നു’ – അദ്ദേഹം രോഷം പ്രകടിപ്പിച്ചു.