ഷിക്കാഗോ സോഷ്യല്‍ ക്ലബ് വടംവലി മത്സരത്തിന് ആവേശത്തിൻറെ അലകടൽത്തീർക്കാൻ എം.എൽ.എമാരായ രാഹുല്‍ മാങ്കൂട്ടത്തിലും അഡ്വ. മോന്‍സ് ജോസഫും മാണി സി. കാപ്പനും എത്തുന്നു

ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന് അധിക ഊർജ്ജം പകരാൻ കേരളത്തിൽ നിന്നുള്ള എം.എൽ.എമാരുടെ നിറസാന്നിധ്യം. മത്സരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ മന്ത്രി മോന്‍സ് ജോസഫ് എംഎല്‍എ, സിനിമ നിർമാതാവ് മാണി സി. കാപ്പന്‍ എംഎല്‍എ എന്നിവരും ഈ ആവേശപ്പൂരത്തിൻറെ ഭാഗമാകുമെന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. കേരള നിയമസഭയിലെ മൂന്ന് ജനപ്രതിനിധികള്‍ വടംവലി മത്സരത്തിന്റെ വേദിയിലെത്തുന്നത് അഭിമാനകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു. വിൽ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കഴിഞ്ഞ നവംബറിൽ നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് .

1996 മുതല്‍ 2001 വരെ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ മോന്‍സ് ജോസഫ് ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു. മുൻ മന്ത്രി കൂടിയായ മോന്‍സ് ജോസഫ് 2006 മുതല്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാനായി, അധ്യക്ഷനായി. ഇപ്പോള്‍ നിയമസഭ പേപ്പേഴ്‌സ് ലൈഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

2019 മുതല്‍ പാലായില്‍ നിന്നുള്ള നിയമസഭാംഗവും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടിയുടെ സ്ഥാപകാംഗവുമാണ് മാണി. സി. കാപ്പന്‍. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇദ്ദേഹം എന്‍.സി.പി.യുടെ മുന്‍ സംസ്ഥാന ട്രഷററാണ്. സിനിമകളുടെ നിർമ്മിതാവും, മുന്‍ രാജ്യാന്തര വോളിബോള്‍ താരം കൂടിയായ മാണി സി. കാപ്പന്‍ 25-ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതലാണ് ആവേശത്തിൻറെ അലകടൽത്തീർത്ത് വടംവലി മത്സരം ആരംഭിക്കുക. 5 മണിക്ക്  മത്സരങ്ങള്‍ അവസാനിക്കിം. 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനുള്ള  ‘ഇന്ത്യ ഫുഡ് ടേസ്റ്റ്’ നടത്തപ്പെടും. 7 മണി മുതല്‍ 10 മണി വരെയാണ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങറും. ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുളിള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇരുപതില്‍പ്പരം ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കൃത്യനിഷ്ഠയോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്‌ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു.

ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക:

MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍)-(630) 673-3382.

More Stories from this section

family-dental
witywide