തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാദം. നെയ്യാറ്റിൻകര ജെഎഫ്സിഎം-7 കോടതിയിൽ അടച്ചിട്ട മുറിയിൽ (ഇൻ-കാമറ) ആയിരുന്നു വാദം നടന്നത്. പ്രതിയും പരാതിക്കാരിയും ഇതാവശ്യപ്പെട്ടതനുസരിച്ചാണ് കോടതി പൊതുജനങ്ങളെയും മാധ്യമപ്രവർത്തകരെയും പുറത്തിറക്കിയത്. വിധി നാളെ പ്രഖ്യാപിക്കും. പരാതി നൽകി ഏഴാം ദിവസവും രാഹുൽ ഒളിവിലാണ്; ബെംഗളൂരുവിലുണ്ടെന്നാണ് പൊലീസ് വിവരം.
രാഷ്ട്രീയ ജീവിതം തകർക്കാനുള്ള സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. യുവതി വിവാഹിതയാണെന്നും ഗർഭഛിദ്രം സ്വമേധയാ നടത്തിയതാണെന്നും ഹർജിയിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണമെന്നും രാഹുൽ ആരോപിച്ചു. എന്നാൽ “കടുത്ത കുറ്റകൃത്യമാണ് നടന്നതെന്നും ഒരു കാരണവശാലും ജാമ്യം അനുവദിക്കരുത്” എന്നതാണ് പ്രോസിക്യൂഷന്റെ നിലപാട്.
പരാതിക്കാരിയുടെ രഹസ്യമൊഴിയിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രണ്ടുതവണയും പാലക്കാട്ടെ ഫ്ലാറ്റിൽ ഒരുതവണയും ബലാത്സംഗം ചെയ്തുവെന്നാണ് പറയുന്നത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി “പുറത്തുപറഞ്ഞാൽ കൊല്ലും” എന്ന് ഭീഷണിപ്പെടുത്തിയെന്നും ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും മൊഴിയുണ്ട്. ഗർഭച്ഛിദ്ര ഗുളിക എത്തിച്ചുനൽകിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണെന്നും ഇയാളെയും പ്രതിചേർത്തിട്ടുണ്ട്.
കോടതി ജാമ്യം നിഷേധിച്ചാൽ രാഹുലിന്റെ എംഎൽഎ സ്ഥാനം നഷ്ടമാകാനും കോൺഗ്രസിൽ നിന്ന് പുറത്താക്കാനും സാധ്യതയേറി. നിലവിൽ രണ്ട് ബലാത്സംഗ കേസുകളിലും പ്രതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികിട്ടിയിട്ടില്ല.










