
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടിവന്ന വിവാദത്തിന് ശേഷം തുടർന്ന മൗനം വെടിഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്ത്. ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്.
യൂത്ത് കോൺഗ്രസിന്റെ നിരവധി പ്രവർത്തകർ ഈ നാടിനും പ്രസ്ഥാനത്തിനും വേണ്ടി പൊലീസിന്റെ ക്രൂരമായ മർദനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സുജിത്തിന്റെ അനുഭവം ഏറ്റവും ക്രൂരമായ ഒന്നാണെന്നും, മർദനത്തിന് ശേഷം അവനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. സുജിത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സുജിത്തിന്റെ പോരാട്ടത്തിനു നാട് പിന്തുണ നൽകുമെന്നും പത്ത് ദിവസത്തിനു ശേഷമുള്ള പ്രതികരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.
നേരത്തെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. 2023 ഏപ്രിൽ 5-ന് നടന്ന സംഭവത്തിൽ, ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ സുജിത്തിനെ എസ്ഐ നുഹ്മാനും സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്നാണ് മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച് ആക്രമിച്ചത്. മർദനത്തിൽ സുജിത്തിന്റെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായി റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് മറച്ചുവെച്ചെങ്കിലും, വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്നാണ് ദൃശ്യങ്ങൾ പുറത്തായത്.