
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടർന്ന് എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായതോടെ പ്രതിരോധത്തിന്‍റെ പതിനെട്ടാം അടവും പയറ്റാൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ശ്രമം. തനിക്ക് പറയാനുള്ളത് കേൾക്കണമെന്നും തന്നെ കുടുക്കാൻ നോക്കുകയാണെന്നുമുള്ള വാദമാണ് രാഹുൽ മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് തന്നെ രാജിയുണ്ടാകുമെന്ന സൂചനകൾക്കിടയിലാണ് രാജിയെ പ്രതിരോധിക്കാൻ രാഹുൽ ഈ നീക്കം നടത്തിയത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കാമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ച സാഹചര്യത്തിൽ അത് കൂടി കേട്ട ശേഷം മതി നടപടിയെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം..
രാഹുലിനെ കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയതോടെ രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ലെന്നാണ് വ്യക്തമാകുന്നത്. എന്തായാലും നടപടി അധികം വൈകില്ലെന്നാണ് നേതൃത്വം പറയുന്നത്. രാഹുൽ വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പാർട്ടി നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിയില്ലെന്ന നിലപാടാണ് മാങ്കൂട്ടത്തിൽ മുന്നോട്ട് വയ്ക്കുന്നത്. തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ നീക്കം. ആരോപണം ഉന്നയിച്ച ട്രാൻസ്ജണ്ടർ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും പുറത്തുവിട്ടാണ് രാഹുൽ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച ശബ്ദരേഖ അയച്ച് തന്നു. കുടുക്കാൻ ശ്രമമെന്ന് തന്നോട് പറഞ്ഞു എന്നും രാഹുൽ വിശദീകരിച്ചു. എന്നാൽ മാധ്യമ പ്രവര്‍ത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകിയില്ല. പ്രവത്തകർക്ക് താൻ കാരണം തല കുനിക്കേണ്ടി വരില്ലെന്ന് മാത്രമാണ് രാഹുൽ അവസാനമായി പറഞ്ഞത്.