
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് ലൈംഗീക പീഡന പരാതി നൽകിയതിന് പിന്നാലെ എം എൽ എ മുങ്ങിയെന്ന് സൂചന. രാഹുലിന്റെ പാലക്കാട് എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ രാഹുലിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന രാഹുൽ, നിലവിൽ എവിടെയാണെന്ന സൂചനകളൊന്നുമില്ല. അറസ്റ്റ് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ രാഹുൽ, മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് ശേഷം ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് രാഹുലിന്‍റെ പ്രതികരണമായി പുറത്തുവരുന്നത്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. സത്യം ജയിക്കുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
നേരത്തെ വാട്ട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കമുള്ള ശക്തമായ ഡിജിറ്റൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. മുഖ്യമന്ത്രി ഉടൻ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ശക്തമായ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നിട്ടുണ്ട്. അതിനിടെ എംഎൽഎ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയും സിപിഎമ്മും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.













