
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ഉയർന്നുവന്ന ബലാത്സംഗ കേസുകളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നത് സംബന്ധിച്ചാകും ആദ്യവാദം.
ഇന്നലെ ഒളിവിലുള്ള രാഹുലിനെ തേടി പോലീസ് സംഘം കർണാടക -തമിഴ്‌നാട് അതിർത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നുവെന്നാണ് വിവരം. ബാഗല്ലൂരിലെ റിസോർട്ടിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടിലും കർണാടകയിലും രാഹുലിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. ഇതിനായി ഡിജിറ്റൽ തെളിവുകളും രാഹുൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ വാദങ്ങൾ പൊളിക്കാൻ രാഹുലിനെതിരെ പരമാവധി തെളിവുകൾ പൊലീസും ശേഖരിച്ചിട്ടുണ്ട്.
Rahul Mamkootathil’s anticipatory bail plea to be considered today.















