
പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽവിനെയും പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചു. ഇരുവരെയും കസ്റ്റഡിയിൽ വച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഇരുവരെയും പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.
എന്നാൽ 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കാത്തതിനെത്തുടർന്ന് ഫസൽ അബ്ബാസിന്റെ സഹോദരി ഫസീല ഡിജിപിക്ക് പരാതി നൽകി. സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും എവിടെയാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയ കാര്യത്തിൽ തന്റെ സഹോദരന് യാതൊരു പങ്കുമില്ലെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഈ പരാതിയെത്തുടർന്നാണ് ഇരുവരെയും അന്വേഷണസംഘം മോചിപ്പിച്ചത്.
അതിനിടെ, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തത്ക്കാലം കീഴടങ്ങാൻ തയാറല്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് രാഹുലിന്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.










