തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരാതി ലഭിച്ചിട്ടില്ലെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രസ്താവന പൂർണമായി തെറ്റാണെന്ന് തെളിവുകൾ പുറത്ത്. നവംബർ 28-ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിത, അതേ ദിവസം 3.15-ഓടെ ആ പരാതിയുടെ പകർപ്പ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രാഹുൽ ഗാന്ധിക്കും ഇ-മെയിൽ വഴി അയച്ചിരുന്നതായി ഇപ്പോൾ പുറത്തുവന്ന ഇ-മെയിൽ പകർപ്പ് വ്യക്തമാക്കുന്നു. എന്നിട്ടും “ബെംഗളൂരു യുവതിയുടെ പരാതിയാണ് ആദ്യം” എന്ന് ആവർത്തിച്ച് പറഞ്ഞത് നേതൃത്വം ആദ്യ പരാതി മനഃപൂർവം മറച്ചുവെച്ചുവെന്ന ആരോപണത്തിന് ശക്തി പകരുന്നു.
അതേ പരാതിയിൽ രാഹുൽ ക്രൂരമായി പീഡിപ്പിച്ചുവെന്നും മാനസിക-ശാരീരികമായി തകർത്തുവെന്നും അതിജീവിത വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഇ-മെയിൽ ലഭിച്ചിട്ടും കോൺഗ്രസ് നേതൃത്വം ആദ്യഘട്ടത്തിൽ നിശ്ശബ്ദത പാലിക്കുകയും പരാതി ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തത് പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനത്തിന് കാരണമായി. പിന്നീട് ബെംഗളൂരുവിലുള്ള മറ്റൊരു യുവതിയുടെ പരാതി പുറത്തുവന്നപ്പോഴാണ് ആദ്യ പരാതിയും ഡിജിപിക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സംഭവം കോൺഗ്രസിന്റെ ആഭ്യന്തര അച്ചടക്ക നടപടികളെയും വനിതാ സുരക്ഷാ പ്രഖ്യാപനങ്ങളെയും ചോദ്യം ചെയ്യുന്നതായി മാറിയിരിക്കുകയാണ്. രാഹുൽ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബലാത്സംഗക്കേസുകളിൽ പ്രതിയായ അദ്ദേഹത്തിനെതിരായ തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.















