തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഡിസംബർ 10-ന് വിധി പറയും. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അനസ്.വി.യാണ് കേസ് പരിഗണിച്ചത്. വിധി വരുന്നതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി പൊലീസിന് കർശന നിർദേശം നൽകി.
പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ അയച്ചതും പേര്, തീയതി, സ്ഥലം എന്നിവ വ്യക്തമാക്കാത്തതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിഭാഗം വാദിച്ചു. 2023-ൽ ഏതോ ഹോംസ്റ്റേയിൽ വെച്ചാണ് പീഡനം നടന്നതെന്ന അവ്യക്ത പരാതി രാഹുലിനെതിരായ ആദ്യ കേസിന്റെ കോടതി പരിഗണനയ്ക്ക് ശേഷം ഉയർന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ പരാതി യഥാർഥമാണെന്നും യുവതി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷമാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുൽ നിലവിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നിലയിലാണ്. ആദ്യ കേസിൽ ഹൈക്കോടതി താൽക്കാലിക സംരക്ഷണം നൽകിയെങ്കിലും ഈ കേസിൽ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.











